‘അമ്മ’യെ പൊളിക്കാന്‍ ഇടതു വിരുദ്ധര്‍ ശ്രമിക്കുന്നു -മുകേഷ്

വേങ്ങര: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യെ പൊളിക്കാന്‍ ഇടതു വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. വിഷയത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ കലാ സാംസ്കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇവിടങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ഒരു ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മുകേഷ് വ്യക്തമാക്കി.

ഇടതു വിരുദ്ധര്‍ എന്തു പ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ മുകേഷ് സംഘടനയെ പൊളിക്കാന്‍ ശ്രമിക്കുന്നവര്‍ ആരെല്ലാമാണെന്ന് പറയാന്‍ തയാറായില്ല.