ആസ്ട്രേലിയന്‍ വിസ: കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

മെല്‍ബണ്‍: ‘457വിസ’ പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വിദേശികള്‍ക്കുള്ള വിസയില്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്ഥിര താമസക്കാര്‍ക്ക് വിസാ കാലാവധി മൂന്നില്‍ നിന്ന് നാലു വര്‍ഷമാക്കി ഉയര്‍ത്തിയത് കൂടാതെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്ന പരീക്ഷ പാസാവുകയും വേണം.

ആസ്ട്രേലിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത് സംബന്ധിച്ച പരീക്ഷയും വിസാ അപേക്ഷകര്‍ ജയിക്കണം. സ്ത്രീകളോടും കുട്ടികളോടും ഉള്ള പെരുമാറ്റം, ശൈശവ വിവാഹം, വനിതാ ലിംഗഛേദനം, ആഭ്യന്തര സംഘര്‍ഷങ്ങള്‍ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുന്നത്.

അതിവിദഗ്ധ തൊഴിലാളികളെയും നിക്ഷേപകരെയും ഉദ്ദേശിച്ചാണ് പുതിയ വിസ രീതി ആസ്ട്രേലിയന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. 2018 മാര്‍ച്ചോടെ ഈ രീതി നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നടക്കമുള്ള താല്‍കാലിക തൊഴിലാളികളില്‍ ഭൂരിപക്ഷവും ജോലി എടുക്കുന്നത് ‘457വിസ’യിലാണ്. ഇത്തരം വിസയില്‍ കഴിയുന്നവരില്‍ 25 ശതമാനം പേരും ഇന്ത്യക്കാരാണ്. ഇന്ത്യ കഴിഞ്ഞാല്‍ ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇവര്‍ക്ക് ആസ്ട്രേലിയ വിടേണ്ടി വരും.

2016 സെപ്റ്റംബറിലെ കണക്കനുസരിച്ച്‌, ‘457വിസ’ പദ്ധതി പ്രകാരം ആസ്ട്രേലിയയില്‍ 95,757 വിദേശികള്‍ തൊഴിലെടുക്കുന്നുണ്ട്. ഇവരെ ആശ്രയിച്ച്‌ സെക്കന്‍ഡറി വിസയില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ വേറെയും കഴിയുന്നു.