എഞ്ചിനില്‍ പൊട്ടിത്തെറി,ഏറ്റവും വലിയ യാത്രാ വിമാനം അടിയന്തരമായി ഇറക്കി

പാരീസ്: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ ഫ്രാന്‍സിന്റെ എ 380 വിമാനം കാനഡയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ എഞ്ചിനികളിലൊരെണ്ണത്തിന് ഗുരുതര തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യാത്രക്കാരെ പരിക്കുകളില്ലാതെ വിമാനത്തില്‍ നിന്ന് ഇറക്കിയതായി അധികൃതര്‍ പറഞ്ഞു. വിമാനത്തിന്റെ എഞ്ചിന് കേടുപാടുകള്‍ പറ്റിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ട്.

496 യാത്രക്കാരും 24 ജീവനക്കാരുമായി പാരീസില്‍ നിന്ന് അമേരിക്കയിലെ ലോസാഞ്ജലസിലേക്ക് പോവുകയായിരുന്നു രണ്ടു നിലകളുള്ള വിമാനം. പറന്നു കൊണ്ടിരിക്കെ വിമാനത്തിന് വിറയലും വന്‍ കുലുക്കവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ, വിമാനത്തിന്റെ എഞ്ചിനുകളിലൊരെണ്ണം തകരാറിലായതായി പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഇതോടൊപ്പം വിമാനം സാധാരണ പറക്കുന്ന ഉയരത്തില്‍ നിന്ന് താഴേക്ക് പോവുകയും ചെയ്തു. തകരാര്‍ കണ്ടെത്തിയതോടെ വിമാനം കിഴക്കന്‍ കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പൈലറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളം അടിയന്തര ലാന്‍ഡിംഗ് സജ്ജമാക്കി. അഗ്നിശമനസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സുകളുമെല്ലാം വിമാനത്താവളത്തില്‍ നിരന്നു. ക്ഷണനേരത്തിനുള്ളില്‍ തന്നെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി വിമാനത്തില്‍ നിന്ന് ഇറക്കി. എഞ്ചിന് തകരാറുണ്ടാവാനുള്ള കാരണം അറിവായിട്ടില്ല. 2010ലും എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് എ 380 വിമാനം സിംഗപ്പൂരില്‍ അടിയന്തരമായി ഇറക്കിയിരുന്നു.

എയര്‍ബസ് എ 380
ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളാണ് എയര്‍ബസ് എ 380. ഫ്രാന്‍സിന് ഇത്തരത്തില്‍ 10 വിമാനങ്ങളാണുള്ളത്. 73 മീറ്ററാണ് വിമാനത്തിന്റെ നീളം. 2007 ഏപ്രില്‍ 27 നു ഫ്രാന്‍സിലെ ടുളുസില്‍ ആയിരുന്നു ഇതിന്റെ ആദ്യ പറക്കല്‍. നിര്‍മാണഘട്ടത്തില്‍ ഇത് എയര്‍ബസ് എ3xxx എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ സൂപ്പര്‍ ജംബോ എന്ന പേരിലും എ 380 എന്നും അറിയപ്പെടുന്നു. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയില്‍ 525 യാത്രക്കാരേയും ഇക്കണോമി വിഭാഗം മാത്രമുള്ള രീതിയില്‍ 853 യാത്രക്കാരേയും ഉള്‍കൊള്ളാന്‍ കഴിയും. എ 380ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 ഒക്ടോബര്‍ 25നായിരുന്നു. ഈ വര്‍ഷം മേയില്‍ എയര്‍ബസ് എ 380 വിമാനത്തെ കെട്ടിവലിച്ച്‌ പോര്‍ഷെയുടെ എസ്.യു.വിയായ ‘കയീന്‍’ കാര്‍ ഗിന്നസ് റെക്കാഡ് സൃഷ്ടിച്ചിരുന്നു. പാരീസിലെ ചാള്‍സ് ഡെ ഗോള്‍ വിമാനത്താവളത്തില്‍ വച്ച്‌ 42 മീറ്റര്‍ മുന്നോട്ട് നീക്കിയാണു ‘പോര്‍ഷെ കയീന്‍’ ചരിത്രം തിരുത്തിയത്. ഏറ്റവും ഭാരമേറിയ വിമാനത്തെ വലിച്ചു നീക്കിയ പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ള കാര്‍ എന്ന ബഹുമതിയാണ് അന്ന് ‘കയീന്‍’ സ്വന്തമാക്കിയത്. നിലവിലുള്ള റെക്കോഡിനെ അപേക്ഷിച്ച്‌ 115 ടണ്ണിലേറെ ഭാരമായിരുന്നു ‘കയീന്‍’ നീക്കിയത്. 2019ഓടെ വിമാനത്തിന്റെ നിര്‍മാണം കുറയ്ക്കാന്‍ കന്പനി തീരുമാനിച്ചിട്ടുണ്ട്. 2015ല്‍ 27 എണ്ണം നിര്‍മിച്ച കന്പനി 2019ല്‍ എട്ട് വിമാനം മാത്രമായിരിക്കും നിര്‍മിക്കുക.