എന്‍ഡവറിന് എതിരാളി, ടിഗ്വാന്‍ നിര്‍മാണം ആരംഭിച്ചു

ഇന്ത്യയില്‍ ശക്തമായ മത്സരം നടക്കുന്ന എസ്.യു.വി ശ്രേണിയിലേക്ക് ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ ആധിപത്യം ഉറപ്പിക്കാനൊരുങ്ങുന്നു. ഫോര്‍ഡ് എന്‍ഡവറിന് മികച്ച എതിരാളിയായി MQB പ്ലാറ്റ്ഫോമില്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ആദ്യ എസ്.യു.വി ടിഗ്വാന്‍ ഈ വര്‍ഷം ഇവിടെക്കെത്തിക്കുമെന്ന് നേരത്തെ കമ്ബനി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ഔറഗാബാദ് നിര്‍മാണ ശാലയില്‍ ടിഗ്വാന്‍ പ്രൊഡക്ഷന്‍ ആരംഭിച്ചതായി ഫോക്സ്വാഗണ്‍ ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വര്‍ഷം രണ്ടാം പകുതിയോടെ ടിഗ്വാന്‍ വിപണിയിലെത്തും.

മോഡുലാര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് (MQB) പ്ലാറ്റ്ഫോമില്‍ പണികഴിപ്പിച്ച പുതുതലമുറ ടിഗ്വാന്‍ കണ്‍സെപ്റ്റ് മോഡല്‍ 2016 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചിരുന്നു.

മുന്‍ മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറവാണ് ഇവന്, കൂടുതല്‍ സ്പേസുമുണ്ട്. എഞ്ചിന്‍ ശേഷി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്ബനി വ്യക്തമാക്കിയിട്ടില്ല. 2.0 ലിറ്റര്‍ TDi ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഇങ്ങോട്ടെത്താനാണ് സാധ്യത. 177 ബിഎച്ച്‌പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എഞ്ചിന്‍. 7 സ്പീഡ് DSG ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. ടോപ് വേരിയന്റില്‍ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുണ്ടാകും.

സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ 7 എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്-കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ-ക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോക്സ്വാഗണ്‍ ഇന്ത്യയുടെ ഐക്കണ്‍ മോഡലായി പുറത്തിറങ്ങുന്ന ടിഗ്വാന് ഏകദേശം 25-30 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില. എന്‍ഡവറിന് പുറമേ ഹ്യുണ്ടായി സാന്റ Fe, ഹോണ്ട CRV, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് ടിഗ്വാന്റെ മറ്റ് എതിരാളികള്‍.