ഒാസ്ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു; ആക്രമണം നടന്നത് പള്ളിയില്‍വച്ച്‌

മെല്‍ബണ്‍ • ഒാസ്ട്രേലിയയില്‍ പള്ളിയിലെ പ്രാര്‍ഥനയ്ക്കിടെ മലയാളി വൈദികനു കുത്തേറ്റു. ഫാ. ടോമി കളത്തൂര്‍ മാത്യുവാണ് (48) അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. കഴുത്തിനു പരുക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. വടക്കന്‍ മെല്‍ബണിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചിരിക്കെയാണ് ആക്രമണം ഉണ്ടായത്. അക്രമി രക്ഷപ്പെട്ടു. പോലീസ് തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെ പള്ളിയില്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള കുര്‍ബാനയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദികന്റെ സമീപമെത്തിയ അക്രമി ‘നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ആയിരിക്കും’ എന്നു പറയുകയും ഒരു അടുക്കളക്കത്തിയെടുത്ത് ഫാദര്‍ ടോമിയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു.

പള്ളിയിലുണ്ടായിരുന്നവര്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ രക്ഷപ്പെട്ടു.അന്‍പതു വയസ്സിനു മുകളിലുള്ള ഇറ്റാലിയന്‍ വംശജനായ ആളാണ് അക്രമിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അക്രമിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു.