ഒാസ്ട്രേലിയയില്‍ മലയാളി വൈദികനെ കുത്തിയ പ്രതി പിടിയില്‍

മെല്‍ബണ്‍ • ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികനെ കുത്തിയ പ്രതിയെ പൊലീസ് പിടികൂടി. 72കാരനായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്താല്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജൂണ്‍ 13ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഫാ. ടോമി മാത്യുവിന്റെ കഴുത്തിലെ പരുക്ക് സാരമുള്ളതല്ല. വൈദികനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. അക്രമത്തെ മെല്‍ബണ്‍ അതിരൂപത അപലപിച്ചു. ഇന്ത്യക്കാരന്‍ കുര്‍ബാന അര്‍പ്പിക്കണ്ട എന്ന് പറഞ്ഞാണ് ഫോക്നര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ കുര്‍ബാനയ്ക്കെത്തിയ വൈദികനു നേരേ ആക്രമണമുണ്ടായത്. അക്രമി ഫോക്നറിലെ താമസക്കാരനാണ്.

വടക്കന്‍ മെല്‍ബണിലെ ഫോക്നര്‍ സെന്റ് മാത്യൂസ് പള്ളി വികാരിയും കോഴിക്കോട് ആനക്കാംപൊയില്‍ കരിമ്ബ് സ്വദേശിയുമാണ് ഫാ.ടോമി മാത്യു കളത്തൂര്‍.

ഇന്നലെ കുര്‍ബാനയര്‍പ്പിക്കാന്‍ പള്ളിയില്‍ എത്തിയപ്പോഴാണ് വൈദികന്‍ ആക്രമിക്കപ്പെട്ടത്. അക്രമി പാന്റ്സിന്റെ പോക്കറ്റില്‍ കരുതിയിരുന്ന കത്തിയെടുത്തു വൈദികനെ കുത്തുകയായിരുന്നു. കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ചു പള്ളിക്കുള്ളിലേക്കു കടക്കാന്‍ തുടങ്ങുമ്ബോഴായിരുന്നു ആക്രമണം.

കട്ടിയുള്ള തിരുവസ്ത്രങ്ങള്‍ ഉണ്ടായിരുന്നതിനാലാണു കഴുത്തിലെ മുറിവു ഗുരുതരമാകാതിരുന്നത്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ നൂറോളം വിശ്വാസികള്‍ അപ്പോള്‍ പള്ളിക്കകത്ത് ഉണ്ടായിരുന്നു. ബഹളം കേട്ട് ഇവര്‍ എത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു. ഇറ്റാലിയന്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുന്നവരില്‍ ഏറെയും പ്രായംചെന്നവരായിരുന്നു.