കുട്ടനാടന്‍ കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്‌സുകള്‍; മൂന്ന് ടീമുകള്‍ മാത്രമാകുമ്പോള്‍ ജീവന്മരണ പോരാട്ടം

അനീഷ് ജോണ്‍ യുക്മ പി ആര്‍ ഒ.

ജൂലൈ 29 ശനിയാഴ്ച്ച യു.കെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് വാര്‍വിക്‌ഷെയറിലെ റഗ്ബിയില്‍ നടക്കാനിരിക്കുന്ന ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. 22 ടീമുകള്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മത്സരിക്കാനെത്തുന്നതും പങ്കെടുപ്പിക്കുന്നതും കേരളാ ടൂറിസത്തിന്റെയും ഇന്ത്യാ ടൂറിസത്തിന്റെയും സഹകരണം ഉറപ്പാക്കി ഇത്രയേറെ മികവുറ്റ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്നതുമെല്ലാം ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്ന യുക്മയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവലായി എന്നും ശോഭിക്കുമെന്ന് ഉറപ്പാണ്. മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ബോട്ട് ക്ലബുകളെല്ലാം തന്നെ പ്രാദേശിക തടാകങ്ങളിലും മറ്റുമായി ട്രെയിനിങ് പൂര്‍ത്തിയാക്കി വിജയം ഉറപ്പാക്കുവാനുള്ള ശ്രമവുമായി മുന്നേറുമ്പോള്‍ ഹീറ്റ്‌സ് മത്സരങ്ങള്‍ക്കും വീറും വാശിയും നിറഞ്ഞ കനത്ത പോരാട്ടമാകും നടക്കുവാന്‍ പോകുന്നത്.
ജൂലൈ 29 ശനിയാഴ്ച്ച വാര്‍വിക്?ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ തടാകത്തിലാണ് വള്ളംകളി അരങ്ങേറുന്നത്. നറുക്കെടുപ്പിലൂടെയാണ് ഹീറ്റ്‌സ് മത്സരങ്ങളില്‍ പോരാടുന്ന ടീമുകളെ തെരഞ്ഞെടുത്തത്. ആകെ മത്സരിക്കുന്നതിനുള്ള 22 ടീമുകള്‍ ആറ് ഹീറ്റ്‌സുകളിലായിട്ടാണ് ആദ്യ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ആദ്യറൗണ്ട് ഹീറ്റ്‌സ് മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണെന്നുള്ളത് പോരാട്ടത്തിന്റെ വീറും വാശിയും വര്‍ദ്ധിപ്പിക്കും. ആറ് ഹീറ്റ്‌സ് മത്സരങ്ങളിലും അവസാന സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഈ വള്ളംകളി മത്സരത്തില്‍ നിന്നും പുറത്താവും. മറ്റ് 16 ടീമുകള്‍ സെമി ഫൈനലിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാവും.
ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാല് ടീമുകള്‍ വീതമായിരുന്നു ഏറ്റുമുട്ടിയിരുന്നതെങ്കില്‍ അഞ്ച്, ആറ് ഹീറ്റ്‌സുകളില്‍ മൂന്ന് ടീമുകള്‍ മാത്രമാണ് മത്സരിക്കുന്നത്. ഇതില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമി ഫൈനല്‍ റൗണ്ടിലേയ്ക്ക് പ്രവേശിക്കും. അഞ്ച് , ആറ് ഹീറ്റ്‌സുകളില്‍ മത്സരിക്കുന്ന എല്ലാ ടീമുകളും തന്നെ മികവുറ്റവയാണ്.
അഞ്ചാം ഹീറ്റ്‌സില്‍ കരുവാറ്റ, കൈനകരി, തായങ്കരി എന്നീ പേരിലുള്ള വള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. എല്ലാ ടീമുകളും കരുത്തന്മാരെയാണ് അണിനിരത്തുന്നത് എന്നുള്ളത്‌കൊണ്ട് തന്നെ മത്സരഫലം പ്രവചനാതീതമാണ്. ?
കരുവാറ്റ വള്ളവുമായി തുഴയെറിയാനെത്തുന്നത് ടൈഗ്ഗേഴ്‌സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍ ആണ്. ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്ട് ക്യാപ്റ്റനായി നേതൃത്വം നല്‍കുന്ന ലെസ്റ്ററിന്റെ പുലിക്കുട്ടികള്‍ ചിട്ടയായ പരിശീലനം നടത്തി കപ്പ് സ്വന്തമാക്കണമെന്ന വാശിയിലാണ് റഗ്ബിയിലെത്തുന്നത്. യു.കെയിലെ കലാ കായിക രംഗത്ത് ഏറ്റവും മികച്ച അസോസിയേഷനുകളിലൊന്നായ ലെസ്റ്റര്‍ എല്‍.കെ.സിയില്‍ നിന്നുള്ള മികവുറ്റ കായിക താരങ്ങള്‍ വള്ളം തുഴയാനെത്തുമ്പോഴും അവഗണിക്കാനാവാത്ത ശക്തമായ ടീം തന്നെ.
ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ ചുണക്കുട്ടികള്‍ പിറവം സംഗമത്തിന്റെ കരുത്തന്മാരുമായി അണിചേര്‍ന്നാണ് പ്രശസ്തമായ കൈനകരി വള്ളം തുഴയാനെത്തുന്നത്. ജിസ്സോ എബ്രാഹം ക്യാപ്റ്റനായി വരുന്ന കൈനകരിയും കരുത്തുറ്റ നിരയെ തന്നെയാണ് ടീമില്‍ അണിനിരത്തുന്നത്.

പ്രശസ്തമായ തായങ്കരി വള്ളം തുഴയാനെത്തുന്നത് ആവട്ടെ ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ ആണ്. 1990ലെ നെഹൃട്രോഫിയില്‍ ജവഹര്‍ തായങ്കരിചുണ്ടനിലും, പമ്പാബോട്ട്റേസില്‍ ചമ്പക്കുളംചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനുശേഷം തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുക്കുകയാണ്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ലക്ഷ്യം പ്രഥമ യുക്മ ജലോല്‍സവ ട്രോഫിയാണെന്നാണ്.

ആറാം ഹീറ്റ്‌സില്‍ മത്സരിക്കുന്നത് എടത്വാ, ചമ്പക്കുളം, ചെറുതന എന്നീ വള്ളങ്ങളാണ്.
യു.കെയിലെ എടത്വാ സ്വദേശികള്‍ ഒരുമിച്ചിറങ്ങുന്നത് യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ എന്ന പേരിലാണ്. ജോര്‍ജ് കളപ്പുരയ്ക്കല്‍ ക്യാപ്റ്റനായിട്ടുള്ള ഈ ടീം തുഴയുന്നതാവട്ടെ എടത്വാ എന്ന പേരിലുള്ള വള്ളവും. കുട്ടനാട്ടുകാര്‍ മാത്രം തുഴയുന്ന ഈ മത്സരത്തിലെ ഏക വള്ളം എന്ന നിലയില്‍ എടത്വാ ടീം ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. എല്ലാ ടീം അംഗങ്ങളും വള്ളവും വള്ളംകളിയുമെല്ലാമായി മുന്‍പരിചയമുള്ളവര്‍ എന്ന നിലയില്‍ എടത്വാ വള്ളം നടത്തുന്ന കുതിപ്പിനെ മറികടക്കാന്‍ മറ്റ് ടീമുകള്‍ ഏറെ അദ്ധ്വാനിക്കേണ്ടി വരും.
ഏറെ പ്രശസ്തമായ ചമ്പക്കുളം വള്ളത്തില്‍ മത്സരിക്കാനെത്തുന്നത് യോര്‍ക്ക്‌ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ് ആണ്. പ്രഥമ വള്ളംകളി മത്സരം പ്രഖ്യാപിച്ച് ഏറ്റവുമാദ്യം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബ് എന്ന നേട്ടം സ്വന്തമാക്കിയാണ് യോര്‍ക്ക്‌ഷെയര്‍ മത്സരിക്കാനെത്തുന്നത്. ജോസ് മാത്യു പരപ്പനാട്ട് ക്യാപ്റ്റനായിട്ടുള്ള ടീം വിജയപ്രതീക്ഷയോടെ തന്നെയാണ് തുഴയെറിയാനെത്തുന്നത്.
യുക്മ ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിന്റെ അസോസിയേഷനില്‍ നിന്നുമാണ്
ചെറുതന വള്ളം തുഴയാനായി റിഥം ബോട്ട് ക്ലബ്, ഹോര്‍ഷം എത്തുന്നത്. അനില്‍ വറുഗ്ഗീസ് ക്യാപ്റ്റനായിട്ടുള്ള ടീമില്‍ അണിനിരക്കുന്നത് ഹോര്‍ഷത്തെ യുവനിരയാണ്. കായിക മത്സരങ്ങളില്‍ നിരവധി തവണ കരുത്ത് തെളിയിച്ചിട്ടുള്ളവരും ക്രിക്കറ്റിലെ മുന്‍നിര ടീമുകളിലൊന്നുമായ ഹോര്‍ഷത്തെ ചുണക്കുട്ടികളുടെ കൈക്കരുത്തില്‍ വിജയകിരീടം സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചെറുതനയില്‍ തുഴയെറിയുവാന്‍ റിഥം ബോട്ട് ക്ലബ് എത്തുന്നത്.
ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍, സൈക്ലിങ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ 650 ഏക്കര്‍ പാര്‍ക്കില്‍ വള്ളംകളി മത്സരത്തിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.