തിരുവനന്തപുരത്തു നാല് പേരുടെ കൂട്ടക്കൊല: ഓസ്‌ട്രേലിയന്‍ മലയാളിക്കെതിരെ കേരളത്തിൽ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ മലയാളിയായിരുന്ന യുവാവിനെ തപ്പി പോലീസ്. റിട്ട . പ്രഫസര്‍ രാജ് തങ്കം (60), ഭാര്യയും റിട്ടയേഡ് ഡി.എം.ഒയുമായ ജീന്‍ പത്മം (58), മകള്‍ കരോളിന്‍ (25), ബന്ധു ലളിത (70) എന്നിവരാണു മരിച്ചത്. രാജ് തങ്കത്തിന്റെയും ജീന്‍ പത്മത്തിന്റെയും മകനായ കേഡല്‍ ജീന്‍സണ്‍ രാജ(30)യെ ആണ് പോലീസ് സംശയിക്കുന്നത്.

പകുതി കത്തിയ മനുഷ്യശരീരത്തിന്റെ ഡമ്മിയും വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഈ ഡമ്മിക്കു കേഡലുമായി സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. താനും കൊല്ലപ്പെട്ടെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രതിയുടെ അടവായിരുന്നു ഇതെന്ന് പോലീസ് കരുതുന്നു. എല്ലാം മുന്‍കൂട്ടി ആസൂത്രണംചെയ്ത കേഡല്‍ സംഭവശേഷം തന്ത്രപൂര്‍വം മുങ്ങിയെന്നാണ് പോലീസ് കരുതുന്നത്. ഇയാളെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിവിധ ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഇയാളുടെ ചിത്രം വച്ച് പോലീസ് വിവരം കൈമാറിയിട്ടുണ്ട്.

ദമ്പതികളുടെയും മകളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ മൃതദേഹം വെട്ടി നുറുക്കി ചാക്കിലാക്കിയ നിലയിലുമായിരുന്നു. തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍.
നാലുപേരുടെ മരണം നേരത്തേ നടക്കുകയും പിന്നീടാണ് അവരെ കത്തിച്ചതെന്നും സംശയിക്കുമ്പോഴും ആരുടെയും നിലവിളിയോ മറ്റു ശബ്ദങ്ങളോ പുറത്തുകേട്ടില്ലയെന്നതും പോലീസിനെ കുഴക്കുന്നുണ്ട്. മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയതിനു ശേഷം കത്തിക്കുകയായിരുന്നുന്നെന്നും ഇതിനിടെയാണ് വീടിനു തീപിടിച്ചതെന്നും കരുതുന്നു. പല ദിവസങ്ങളായാണ് കൊലപാതകം നടത്തിയതെന്നും സംശയിക്കുന്നു. കൊലപാതകത്തിനുള്ള പ്രകോപനം വ്യക്തമല്ല.

ശനിയാഴ്ച രാത്രി കേഡല്‍ മതില്‍ ചാടിക്കടന്ന് പോകുന്നതു കണ്ടതായി സമീപവാസികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ കാലിനു പൊള്ളലേറ്റിരുന്നതായും മൊഴിയുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. അവിടെത്തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ശനിയാഴ്ച രാത്രിയോടെ വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന കേഡല്‍ 2009-ലാണ് നാട്ടിലെത്തിയത്. പിന്നീട് തിരിച്ചുപോയില്ല. ചൈനയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ കരോളിന്‍ കുറച്ചു ദിവസം മുമ്പാണ് നാട്ടില്‍ വന്നത്.
കുറച്ചു ദിവസമായി കേഡലിന്റെ സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ടു ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നും കേഡല്‍ പറഞ്ഞതായി ജീന്‍ പത്മയുടെ സഹോദരന്‍ പോലീസിനോടു പറഞ്ഞു. മൂന്നു ദിവസമായി രാജ് തങ്കത്തെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സഹോദരന്‍ പറഞ്ഞു. ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ വീടിനു സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും മറ്റും കണ്ടെത്തി. ഇയാള്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് തമ്പാനൂരില്‍ നിന്നു രക്ഷപ്പെട്ടുവെന്ന സൂചനയാണു ലഭിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിരവധി എസ്റ്റേറ്റുകള്‍ കേഡലിന്റെ കുടുംബത്തിനുണ്ട്. അടുത്തിടെയും ഇവര്‍ ഒരു എസ്റ്റേറ്റ് വാങ്ങിയിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ വൈദ്യശാസ്ത്രം പഠിക്കാനെത്തിയ കേഡല്‍, ഒടുവില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് മേഖലയിലായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍, മടങ്ങിയെത്തിയ ശേഷം വീഡിയോ ഗെയിം വികസിപ്പിക്കലായിരുന്നു. കേഡലിന് നാട്ടില്‍ സുഹൃത്തുക്കളൊന്നുമില്ലായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. കടയിലും മറ്റും പോകാനായി വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ആര്‍.എം.ഒ. ആയി വിരമിച്ച ഡോ. ജീന്‍ പത്മയും ചൈനയില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ മകള്‍ കരോളിനും വിദേശത്ത് ജോലിക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു . ഇക്കാര്യത്തില്‍ അമ്മയും മകന്‍ കേഡലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചു. അതേസമയം കേഡലും വിദേശത്ത് ബിസിനസ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായും ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വീട്ടുകാരില്‍നിന്ന്എതിര്‍പ്പുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.