മകളെ കാണണമെന്ന ആഗ്രഹം ബാക്കിയായി, നടി ലിസിയുടെ പിതാവ് ഓര്‍മ്മയായി

കോതമംഗലം: നടി ലിസിയുടെ പിതാവ് ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കിയുടെ (75) ഓര്‍മ്മയായി. കഴിഞ്ഞ ദിവസം നിര്യാതനായ വര്‍ക്കിയുടെ മൃതദേഹം കീരംപാറ സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.

മകള്‍ തന്നെ കാണാനെത്തുമെന്ന് അവസാന നിമിഷങ്ങളിലും വര്‍ക്കി പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സഹോദരന്‍ ബാബു പറഞ്ഞു. ലിസി തന്‍റെ മകളാണെന്ന് സ്ഥാപിക്കാന്‍ വര്‍ക്കി നിയമനടപടികളൂമായി രംഗത്തിറങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതേത്തുടര്‍ന്ന് ഒരു ലക്ഷത്തില്‍ പരം രൂപ ലഭിച്ചതൊഴിച്ചാല്‍ മറ്റ് പ്രാജനങ്ങളൊന്നും വര്‍ക്കിക്ക് ലഭിച്ചില്ലെന്നാണ് ബാബു പറയുന്നത്.

ബാബുവിന്‍റെ വീട്ടിലായിരുന്നു ഏതാനും വര്‍ഷങ്ങളായി വര്‍ക്കി താമസിച്ചിരുന്നത്. ഒരു വര്‍ഷമായി അവശനിലയിലുമായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് പത്ത് വര്‍ഷം മുന്പ് കാലൊടിഞ്ഞിരുന്നു.

അടുത്ത കാലത്ത് ഈ കാലിന് വേദന കലശലായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും ശസ്ത്രക്രിയ വേണമെന്ന നിര്‍ദ്ദേശമുണ്ടാവുകയുമായിരുന്നു. ശസ്ത്രക്രിയ അടക്കം വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കിയെങ്കിലും വര്‍ക്കി പിന്നെ കിടക്ക വിട്ടെഴുന്നേറ്റില്ല.

ലിസി ഉള്‍പ്പെടെ ആരും അന്ന് സഹായിച്ചില്ല. തനിക്ക് വലിയ തുക ഇതിന് ചെലവായെന്നും ബാബു പറഞ്ഞു. ഇതിന്‍റെ ബില്‍ കൈവശം സൂക്ഷിച്ചിട്ടുണ്ട്. അവശനായ വേളയിലാണ് മകള്‍ ചെലവിന് നല്‍കണമെന്ന് വര്‍ക്കി ആവശ്യപ്പെട്ടതും നിയമനടപടിക്ക് മുതിര്‍ന്നതും.

മൂന്ന് ദശാബ്ദത്തോളം വര്‍ക്കി ലിസിയുടെ മാതാവ് ഏല്യാമ്മയുമായി ദാന്പത്യജീവിതം നയിച്ചിരുന്നുവെന്നാണ് കുടുംബ വൃത്തങ്ങള്‍ പറയുന്നത്. പിന്നീട് അഭിപ്രായഭിന്നതയെ തുടര്‍ന്ന് വര്‍ക്കി ചേലാട് പഴങ്ങരയില്‍ ചെറിയ വീട് വാങ്ങി താമസം തുടങ്ങി. കൊച്ചിക്കാരി വിക്ടോറിയയും ഈ അവസരത്തില്‍ വര്‍ക്കിക്കൊപ്പം താമസിച്ചിരുന്നു. വര്‍ക്കിക്ക് രോഗം വര്‍ദ്ധിച്ചതോടെ വിക്ടോറീയ സ്ഥലംവിട്ടു. പിന്നീട് ബാബു വര്‍ക്കിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്പ് വര്‍ക്കി താമസിച്ചിരുന്ന പഴങ്ങരയിലെ കൊച്ചു വീട്ടില്‍ ലിസി എട്ട്തിഃയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഏറെ അന്വേഷിച്ചിട്ടും വര്‍ക്കിയെ കാണാന്‍ കഴിഞ്ഞില്ല. താറാവുകൂട്ടവുമായി പാടശേഖരങ്ങള്‍ തോറും കറങ്ങിയിരുന്ന വര്‍ക്കി ലിസി വന്ന് പോയി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലെത്തിയത്.

മകള്‍ ലിസി തനിക്ക് ജീവനാംശം നല്‍കുന്നില്ലെന്ന് കാട്ടി മൂവാറ്റുപുഴ ആര്‍ ഡി ഒ മുന്പാകെ ഹര്‍ജി സമര്‍പ്പിക്കുകയും പ്രതിമാസം 5500 രൂപ വീതം ചെലവിന് നല്‍കാന്‍ ആര്‍ ഡി ഒ ഉത്തരവിഃടുകയും ചെയ്തിരുന്നു. ആര്‍ ഡി ഒ ഓഫീസില്‍ നിന്നും ലിസിയുടെ ചെന്നൈയിലെ വീട്ടിലേക്ക് അറിയിപ്പ് നല്‍കിയെങ്കിലും ലിസി തിരിഞ്ഞ് നോക്കിയില്ല.

തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഷെയ്ഖ് പരീതിന് പരാതി നല്‍കി. പ്രതിമാസം 10000 രൂപ വര്‍ക്കിക്ക് നല്‍കണമെന്ന് കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. വര്‍ക്കിയെ അറിയില്ലെന്നാണ് ലിസി ആദ്യം പറഞ്ഞതെങ്കിലും കോടതി നടപടികള്‍ നേരിടെണ്ടി വരുമെന്ന അവസ്ഥയില്‍ ചെലവിന് നല്‍കാന്‍ തയാറാവുകയായിരുന്നു.