മാരുതി സുസുക്കി പുതുതലമുറ ഡിസയര്‍ ബുക്കിങ് ആരംഭിച്ചു

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതുതലമുറ ഡിസയര്‍ ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. മാരുതിയുടെ എല്ലാ ഷോറൂമുകളിലും 11000 രൂപ നല്‍കി 2017 ഡിസയര്‍ ബുക്ക് ചെയ്യാം. കോംപാക്‌ട് സെഡാന്‍ ശ്രേണിയില്‍ ഡിസയറിന്റെ മൂന്നാം തലമുറ അടുത്ത മാസം 16-നാണ് നിരത്തിലെത്തുക. കൃത്യമായ വില കമ്ബനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 6-9 ലക്ഷത്തിനുള്ളിലാകും ഡല്‍ഹി എക്സ്ഷോറൂം വില. നേരത്തെ ചില ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരുന്നു. പഴയ രൂപം ആകെമൊത്തം മാറ്റിമറിച്ചാണ് LXi/LDi, VXi/VDi, ZXi/ZDi, ZXi+,ZDi+ എന്നീ നാല് വേരിയന്റുകളില്‍ വാഹനം പുറത്തിറങ്ങുന്നത്.

പുതിയ ലൈറ്റ് വെയിറ്റ് ഹെര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലെത്തുന്ന 2017 ഡിസയറിന് രൂപത്തിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. യൂറോപ്യന്‍, ജാപ്പനീസ് സ്വിഫ്റ്റ് സ്പെക്കുകളുടെ ഡിസൈന്‍ ഫീച്ചേര്‍സിനോട് സാമ്യമുള്ള സ്റ്റൈലിലാണ് മാരുതി പുതിയ ഡിസയറിനെയും പുറത്തിറക്കിയത്. ക്രോം ഫിനിഷിങ്ങില്‍ പുതിയ ഡിസൈനിലുള്ള ഹെക്സഗണല്‍ ഗ്രില്‍ ഡിസയറിന് ന്യുജെന്‍ ഭാവം സമ്മാനിക്കും. ഡേ ടൈം റണ്ണിങ് ലൈറ്റിനൊപ്പം എല്‍ഇഡി ഹെഡ്ലാംമ്ബ്, ഫോഗ് ലാംമ്ബ്, പുതിയ അലോയി വീല്‍ എന്നിവ പുറംമോഡിയില്‍ മാറ്റം നല്‍കും. നിലവിലുള്ള ഡിസയര്‍ ഫ്ളീറ്റ് വാഹനമായി ഡിസയര്‍ ടൂര്‍ എന്ന പേരില്‍ വില്‍പ്പന തുടരും.

മുന്‍ മോഡലിനെക്കാല്‍ 40 എംഎം വീതി കൂടുതലമുണ്ട് 2017 ഡിസയറിന്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 20 എംഎം ഷോള്‍ഡര്‍ റൂം, പിന്നില്‍ 30 എംഎം ഷോള്‍ഡര്‍ റൂമും അധികം നല്‍കിയിട്ടുണ്ട്. ബൂട്ട് സ്പേസ് 316 ലിറ്ററില്‍ നിന്ന് 378 ലിറ്ററാക്കി ഉയര്‍ത്തി. വില്‍ബേസും വര്‍ധിപ്പിച്ചു. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 ബിഎച്ച്‌പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുമ്ബോള്‍ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ 74 ബിഎച്ച്‌പി കരുത്തും 190 എന്‍എം ടോര്‍ക്കുമേകും. ടാറ്റ ടിഗോര്‍, ഫോര്‍ഡ് ആസ്പയര്‍, ഹോണ്ട അമേസ്, ഫോക്സ്വാഗണ്‍ അമിയോ, ഹ്യുണ്ടായി എക്സന്റ്, വരാനിരിക്കുന്ന ഹ്യുണ്ടായി എസെന്‍ഷ്യ എന്നിവയാകും ഡിസയറിന്റെ എതിരാളികള്‍.

ബ്ലാക്ക്, ബീജ് ഡ്യുവല്‍ ടോണ്‍ നിറത്തില്‍ കൂടുതല്‍ സ്പേസ് നല്‍കിയാണ് അകത്തളം ഒരുക്കിയത്. 7 ഇഞ്ച് സ്മാര്‍ട്ട്പ്ലേ ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അകത്തളത്തിന് പൂര്‍ണമായും പുതിയ രൂപം നല്‍കും. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ABS എന്നിവ എല്ലാ വകഭേദങ്ങളിലും ഉള്‍പ്പെടുത്തും. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ അള്‍ട്രാ-ഹൈ ടെന്‍സില്‍ ഷീറ്റ് മെറ്റല്‍ ഉപയോഗിച്ചുള്ള നിര്‍മാണം സുരക്ഷ വര്‍ധിപ്പിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും 2017 സ്വിഫ്റ്റ് ഡിസയര്‍ വിപണിയിലെത്തും.