മോനിഷയുടെ മരണം; ആരോപണങ്ങളില്‍ അതീവദുഃഖിതനെന്ന്‌ ഭര്‍ത്താവ് അരുണ്‍

കോട്ടയം/ മെല്‍ബണ്‍ : മെല്‍ബണില്‍ കോട്ടയം പൊന്‍കുന്നം സ്വദേശി മോനിഷ അരുണി (27)ന്റെ മരണത്തില്‍ തനിക്കെതിരെ മോനിഷയുടെ അമ്മയുടെ ആരോപണത്തില്‍ അതീവദുഃഖിതനെന്ന്‌ ഭര്‍ത്താവ് അരുണ്‍. മോനിഷയുടെ ഭര്‍ത്താവ് പാലാ മുരിക്കുംപുഴ ഉതുമ്പാറയില്‍ അരുണ്‍ ജി നായര്‍(31)ക്കെതിരെയാണ് മോനിഷയുടെ അമ്മ പൊന്‍കുന്നം കൊപ്രാക്കളം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് എസ് സുശീലാ ദേവി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവിന്റെ പീഡനം മൂലം മോനിഷ മരിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിനെത്തുടര്‍ന്ന് അരുണിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് കേന്ദ്ര വിദേശകാര്യ വകുപ്പ് മുഖേന മെല്‍ബണിലെ ഇന്ത്യന്‍ എംബസിക്കു അയച്ചിരുന്നു. അരുണിപ്പോള്‍ മെല്‍ബണിലാണ്.
ഭാര്യ മരിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കാതിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശദീകരണം നല്‍കാതെ തരമില്ലെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് അരുണ്‍ മെല്‍ബണില്‍ പറഞ്ഞു. എല്ലാവരും സംശയിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്തത് സ്വകാര്യ ദുഃഖമായി കരുതുകയാണ്. ഞാനും ഭാര്യയും സ്‌നേഹത്തോടും പരസ്പര ബഹുമാനത്തോടുമാണ് കഴിഞ്ഞിരുന്നത്. മോനിഷയുടെ അമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് കണ്ടത്.
കുടുംബത്തുണ്ടായിരുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് അമ്മയുമായി സംസാരിക്കുകയും പരിഹാരം ആരായുകയും ചെയ്തിരുന്നു. മോനിഷയുടെ സഹോദരിയുടെ വിവാഹത്തിനു ശേഷം എല്ലാം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിരുന്നു. പ്രശ്‌നങ്ങളൊന്നും ബന്ധുക്കളെ അറിയിക്കരുതെന്ന് മോനിഷയുടെ അമ്മ തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാണ് ആരോടും ഒന്നും പറയാതിരുന്നത്.
മോനിഷയുടെ ആത്മഹത്യക്കു ശേഷം ബന്ധുക്കളും അമ്മയും എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുവെന്നു കേട്ടപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. പണത്തിനു വേണ്ടി മോനിഷയെ ഞാന്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി അമ്മ പരാതി കൊടുത്തുവെന്നറിഞ്ഞപ്പോഴും തെറ്റായ വാര്‍ത്തയാണെന്നാണ് കരുതിയത്. എന്നാല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറിന്റെ കോപ്പി കണ്ടപ്പോള്‍ തകര്‍ന്നുപോയി. സ്‌നേഹിച്ചവരും ബഹുമാനിച്ചവരും തള്ളിപ്പറഞ്ഞപ്പോള്‍ ജീവിക്കേണ്ടതുണ്ടോ എന്നു പോലും ചിന്തിച്ചു.
ഇവിടെയുള്ള നല്ലവരായ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കേസ് അന്വേഷിക്കുന്ന വിക്‌ടോറിയന്‍ പൊലീസും നല്‍കിയ ആത്മവിശ്വാസമാണ് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പു നല്‍കിയത്. എല്ലാ ആരോപണങ്ങളെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപരമായി നേരിടാനാണ് അവര്‍ നല്‍കിയ ഉപദേശം. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അമ്മയും ബന്ധുക്കളും ഒപ്പം നിന്നിരുന്നെങ്കില്‍ മോനിഷയെ തനിക്കു നഷ്ടപ്പെടില്ലായിരുന്നുവെന്നും അരുണ്‍ പറയുന്നു.
മോനിഷയുടെ മൃതദേഹം കഴിഞ്ഞമാസം 18 ന് പൊന്‍കുന്നം കൊപ്രാക്കളത്തെ വീട്ടിലെത്തിച്ചു സംസ്കരിച്ചിരുന്നു. സംസ്കാര ചടങ്ങില്‍ അരുണിനും കുടുംബത്തിനും പൊന്‍കുന്നം പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു. പിന്നീട് അരുണിനെ അന്വേഷിച്ചു പോലീസ് പാലായിലെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ഓസ്ട്രേലിയയിലേക്കു മടങ്ങിയതായി വിവരം ലഭിച്ചു. ഇതോടെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.

മരിക്കുന്നതിന് മുമ്പ് മോനിഷ അമ്മയെ വിളിച്ചു താന്‍ പീഡിപ്പിക്കപ്പെടുന്നതായും ഗ്യാസ് ചേമ്പറില്‍ എന്നപോലെയാണ് അവിടെ കഴിയുന്നതെന്നും പറഞ്ഞതായി പരാതിയില്‍ പറയുന്നു. തൂങ്ങിമരിച്ച നിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടതായാണ് അരുണ്‍ ബന്ധുക്കളെ വിളിച്ചു അറിയിച്ചത്.

ഭര്‍ത്താവ് അരുണുമൊത്താണ് മോനിഷ മെല്‍ബണില്‍ താമസിച്ചിരുന്നത്. ഫെബ്രുവരി ആറിന് വൈകിട്ട് ആണ് മോനിഷയെ മെല്‍ബണിലെ സൗത്ത് ഈസ്റ്റിലുള്ള ക്ലേയ്റ്റണില്‍ ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേഴ്‌സായ ഭര്‍ത്താവ് അരുണ്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ ഭാര്യ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് ആണ് നാട്ടില്‍ ലഭിച്ച വിവരം. വൈകിട്ട് നാലു മണിയോടെയാണത്രെ മോനിഷയുടെ ജഡം കണ്ടത്.
വിവാഹം കഴിഞ്ഞു ഒന്നര വര്‍ഷത്തിന് ശേഷം ആയിരുന്നു മോനിഷയുടെ മരണം. പ്രണയിച്ചു വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ല. വിവാഹശേഷം മാസങ്ങള്‍ക്കുള്ളില്‍ മോനിഷ മെല്‍ബണിലേക്ക് പോയി. സോഫ്റ്റ് വെയര്‍ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ മോനിഷ അവിടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അരുണ്‍ നഴ്‌സായിരുന്നു.
പൊന്‍കുന്നം കൊപ്രാക്കളം പനമാറ്റം വെളിയന്നൂര്‍ ചെറുകാട്ട് എസ് സുശീലാ ദേവിയുടെയും പരേതനായ മോഹന്‍ദാസിന്റെയും മകളാണ് മോനിഷ. ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആണ് മോനിഷയുടെ അമ്മ സുശീലാ ദേവി.