വിജയ് മല്ല്യയെ കൈമാറണമെന്ന് തെരേസാ മേയോട് മോദി; ഉറപ്പു കിട്ടിയില്ല

ഹാംബര്‍ഗ്:ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്ല്യയെ എത്രയും വേഗം കൈമാറണമെന്ന് തെരേസാ മേയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ജി20 ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ കുറ്റവാളികളെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടന്‍ സഹകരിക്കണമെന്നും തെരേസ മേയോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

എന്നാല്‍ മോദി യുടെ ആവശ്യത്തോട് തെരേസാ മേ ഉറപ്പൊന്നും നല്‍കിയില്ലെന്നാണ് സൂചന. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട നേരത്തെ ഇന്ത്യ ബ്രിട്ടനു കത്തു നല്‍കിയിരുന്നു.
ഇതിനിടയില്‍ ഇന്ത്യയിലേക്ക് അയക്കുന്നതിനെതിരെ മല്ല്യ ബ്രിട്ടനിലെ കോടതിയെ സമീപിച്ചിരുന്നു. യു.കെ യില്‍വച്ച് വിജയ് മല്യ അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടി. കെയ്സന്റെ വാദം ഡിസംബറിലാണ് തുടങ്ങുന്നത്.

ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുള്‍പ്പെടെ 17 ബാങ്കുകളില്‍ നിന്നുളള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഒന്‍പതിനായിരം കോടി രൂപയാണ് മല്ല്യ തിരിച്ചടയ്ക്കാനുള്ളത്.