സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍ കൂടി നിലവില്‍ വന്നു. ഹൈദരാബാദിലെ ഷംഷാബാദും തമിഴ്നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചാണ് രൂപതകള്‍. മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദിന്‍റെയും മോണ്‍.സെബാസ്റ്റ്യന്‍ പൊഴലിപറന്പില്‍ ഹൊസൂരിന്‍റെയും ബിഷപ്പുമാരാകും. വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12ന് റോമിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസിലും ഹൈദരാബാദ് കുക്കട്ട്പള്ളി സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രലിലും നിയമന ഉത്തരവ് വായിച്ചു.

പുതിയ രൂപതയായ ഷംഷാബാദ് തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്. സീറോ മലബാര്‍ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴില്‍ വരുന്നത്. ഇന്ത്യയില്‍ സീറോ മലബാര്‍ സഭയ്ക്ക് നിലവില്‍ രൂപതകള്‍ ഇല്ലാത്ത മറ്റ് മുഴുവന്‍ പ്രദേശങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഷംഷാബാദ് രൂപത. ഈ പ്രദേശങ്ങളില്‍ അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്തിരുന്ന തൃശൂര്‍ അതിരൂപതാ സഹായമെത്രാനായിരുന്നു മാര്‍.റാഫേല്‍ തട്ടില്‍. 2014 മുതല്‍ ഇന്ത്യയില്‍ സീറോ മലബാര്‍ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷന്‍ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുന്പോഴാണ് മാര്‍ തട്ടിലിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്.

തമിഴ്നാടിന്‍റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഹൊസൂര്‍ ആസ്ഥാനമായ രൂപത. തക്കല, രാമനാഥപുരം എന്ന രൂപതകളുടെ അതിര്‍ത്തി ഹൊസൂരിന് പുറത്തേക്കുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ആയി സേവനം അനുഷ്ഠിക്കുന്പോഴാണ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴലിപറന്പിലിന് പുതിയ പദവി ലഭിച്ചത്. കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്‍റ്, കമ്മ്യൂണിക്കേഷന്‍ മീഡിയ, ബൈബിള്‍ അപ്പോസ്തലേറ്റ്, സ്പിരിച്വാലിറ്റി സെന്‍റര്‍ എന്നീ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായും രൂപതാ പ്രോക്യൂറേറ്ററായും ചെന്നൈ മിഷന്‍ കോ ഓര്‍ഡിനേറ്ററായും മോണ്‍. സെബാസ്റ്റ്യന്‍ പൊഴലിപറന്പില്‍ സേവനം ചെയ്തിട്ടുണ്ട്.

മെത്രാഭിഷേകവും സ്ഥാനാരോഹണവും രൂപതകളുടെ ഉദ്ഘാടനവും സംബന്ധിച്ച തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. ആന്‍റണി കൊള്ളന്നൂര്‍ അറിയിച്ചു.

Be the first to comment on "സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍"

Leave a comment

Your email address will not be published.