400 പേര്‍ക്ക് തൂശനിലയില്‍ ഓണസദ്യ ഒരുക്കി ആഷോഫോര്‍ഡ്കാര്‍ കെന്റില്‍ ചരിത്രം കുറിച്ചു

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍(മാവേലി നഗര്‍) രാവിലെ 9.45ന് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയ്ക്ക് സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍(വൈസ് പ്രസിഡന്റ്),രാജീവ് തോമസ്(സെക്രട്ടറി)ലിന്‍സി അജിത്ത്(ജോ സെക്രട്ടറി) ,മനോജ് ജോണ്‍സണ്‍(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയില്‍ മാവേലി,പുലികളി,നാടന്‍ കലാരൂപങ്ങള്‍,കറ്റ ചുമക്കുന്ന കര്‍ഷക സ്ത്രീ,തൂമ്പ ഏന്തിയ കര്‍ഷകന്‍,വിവിധ മത പുരോഹിതരുടെ പ്രഛന്ന വേഷങ്ങളും മധുമാരാരും ജോളി ആന്റണിയും ചേര്‍ന്നവതരിപ്പിച്ച ചെണ്ടമേളവും അകമ്പടി സേവിച്ചു.

തുടര്‍ന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരും മുതിര്‍ന്നവരും കൂടി അവതരിപ്പിച്ച കോല്‍ക്കളിയും അമ്പതില്‍പരം സ്ത്രീകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിരയും 9 ഗാനങ്ങള്‍ക്ക് അനുസൃതമായി അവതരിപ്പിച്ച ഫ്‌ളാഷ് മൊബില്‍ ആഷ്‌ഫോര്‍ഡിലെ അബാലവൃദ്ധ ജനങ്ങളും പങ്കെടുത്തു.ഈ പരിപാടികള്‍ ആഷ്‌ഫോര്‍ഡുകാര്‍ക്ക് പുതിയൊരു അനുഭവമായി.ശേഷം സംഘടനയിലെ കുട്ടികള്,സ്ത്രീകള്‍,പുരുഷന്മാര്‍ എന്നിവരുടെ വാശിയേറിയ വടംവലി മത്സരം നടന്നു.അതുപോലെ അത്തപ്പൂക്കള മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുത്തു.നാടന്‍ പഴവും മൂന്നുതരം പായസവും ഉള്‍പ്പെടെ 27 ഇനങ്ങള്‍ തൂശനിലയില്‍ വിളമ്പികൊണ്ടുള്ള തിരുവോണ സദ്യ അതീവ ഹൃദ്യമായിരുന്നു

സദ്യയ്ക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അദ്ധ്യക്ഷന്‍ ആയിരുന്നു.സുപ്രസിദ്ധ സാഹിത്യകാരനും ന്യൂഹാം മുന്‍ സിവിക് മേയറുമായിരുന്ന ഡോ ഓമന ഗംഗാധരന്‍ മുഖ്യാതിഥിയായിരുന്നു.സമ്മേളനത്തില്‍ സെക്രട്ടറി രാജിവ് തോമസ് സ്വാഗതം ആശംസിച്ചു.മുന്‍ പ്രസിഡന്റ് മിനി അലന്‍ സുനില്‍(യുവജന പ്രതിനിധി) എന്നിവര്‍ ആശംസ പ്രസംഗം നടത്തി.മനോജ് ജോണ്‍സണ്‍,മാവേലിയായ ജോജി കോട്ടക്കന്‍,ആഗ്ന ബിനോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായി.തുടര്‍ന്ന് ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഡോ ഓമന ഗംഗാധരനെ പ്രസിഡന്റ് പൊന്നാട ചാര്‍ത്തിയും അസോസിയേഷന്റെ ഉപഹാരം നല്‍കിയും ആദരിച്ചു.കഴിഞ്ഞ 11 വര്‍ഷം മാവേലിയെ അവതരിപ്പിക്കുന്ന ജോജി കോട്ടക്കലിനെ ഡോ ഓമന ഗംഗാധരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.സമ്മേളനത്തില്‍ ജോ സെക്രട്ടറി ലിന്‍സി അജിത്ത് നന്ദി രേഖപ്പെടുത്തി.

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേക്കും കേരള നാടിന്റെ ചാരുതയാര്‍ന്ന സുന്ദര ദൃശ്യങ്ങളും കോര്‍ത്തിണക്കിയുള്ള എഎംഎയുടെ അവതരണഗാനത്തോടേയും മുപ്പതോളം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച രംഗപൂജ തുടക്കമായി.പൂതപ്പാട്ട്,സ്‌കിറ്റുകള്‍,പദ്യപാരായണം,നാടോടിനൃത്തം,ക്ലാസിക്കല്‍ ഡാന്‍സ്,സിനിമാറ്റിക് ഡാന്‍സ് എന്നിവ ആവണി 2017 ന്റെ പ്രത്യേകതയായിരുന്നു.പരിപാടികള്‍ കരളിലും മനസിലും കുളിരലകള്‍ ഉണര്‍ത്തിയെന്ന് കാണികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

രാത്രി പത്തു മണിയോടു കൂടി പരിപാടികള്‍ അവസാനിച്ചു.ആവണി 2017 മഹാവിജയമായി തീര്‍ത്ത എല്ലാവര്‍ക്കും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും വരാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.